You are currently viewing കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ്: അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം; നടപടികൾ വേഗത്തിലാക്കി കേന്ദ്രം

കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ്: അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം; നടപടികൾ വേഗത്തിലാക്കി കേന്ദ്രം

ന്യൂഡൽഹി: കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, പദ്ധതിയുടെ അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി ചാലക്കുടി എംപി ബെന്നി ബഹനാൻ പറഞ്ഞു.

ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് എംപി വ്യക്തമാക്കി. ഡി.പി.ആർ. നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അതേ വേഗത്തിൽ തന്നെ അലൈൻമെന്റ് സംബന്ധിച്ച നടപടികളും രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു.

അതേസമയം, ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അങ്കമാലി–അരൂർ–കൊച്ചി ബൈപ്പാസ് പദ്ധതിയുടെ 3എ വിജ്ഞാപന നടപടികൾ അടിയന്തരമായി പൂർത്തിയാക്കുമെന്നും, സ്ഥലമെടുപ്പിനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കുമെന്നും ഗഡ്കരി ഉറപ്പുനൽകിയതായി ബെന്നി ബഹനാൻ പറഞ്ഞു.

നേരത്തെ ആറുവരി പാതയായി വിഭാവനം ചെയ്തിരുന്ന ബൈപ്പാസ് ഇപ്പോൾ എട്ടുവരി പാതയായാണ് വികസിപ്പിക്കുന്നത്. ഭാവിയിൽ 10 വരിയിലേക്ക് വികസിപ്പിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് ആവശ്യമായ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനായി നിലവിൽ നിശ്ചയിച്ചിരുന്ന 45 മീറ്റർ വീതിക്ക് പകരം 70 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുമെന്നും, എന്നാൽ നിലവിലെ അലൈൻമെന്റിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി എംപി അറിയിച്ചു.

പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ദേശീയപാത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും നിർണായകമായ പദ്ധതിയായാണ് കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസിനെയും അങ്കമാലി–അരൂർ–കൊച്ചി ബൈപ്പാസിനെയും വിലയിരുത്തുന്നത്. പദ്ധതി വേഗത്തിൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയാണ് കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉയരുന്നത്.

Leave a Reply