You are currently viewing കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽപാത യാഥാർഥ്യമാക്കണം; പാർലമെന്റിൽ റൂൾ 377 പ്രകാരം വിഷയം ഉന്നയിച്ച് കെ. രാധാകൃഷ്ണൻ

ന്യൂഡൽഹി: മധ്യകേരളത്തെയും പശ്ചിമ തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന കൊല്ലങ്കോട്–തൃശൂർ പുതിയ റെയിൽവേ പാതയുടെ നിർമ്മാണം എത്രയും വേഗം ആരംഭിച്ച് പദ്ധതിക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ പാർലമെന്റിൽ റൂൾ 377 പ്രകാരം ആവശ്യപ്പെട്ടു.

89 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട റെയിൽപാതയിൽ കൊല്ലങ്കോടിനും തൃശൂരിനുമിടയിലുള്ള 54 കിലോമീറ്റർ ഭാഗമാണ് ഇതുവരെ യാഥാർഥ്യമാകാനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി പൂർത്തിയാകുന്നതോടെ മധ്യകേരളവും പശ്ചിമ തമിഴ്‌നാടും തമ്മിലുള്ള യാത്രാദൂരം നിലവിലെ 105 കിലോമീറ്ററിൽ നിന്ന് 53 കിലോമീറ്ററായി കുറയുമെന്നും, ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ 25 പഞ്ചായത്തുകളിലായി താമസിക്കുന്ന 10 ലക്ഷത്തിലധികം ജനങ്ങൾക്ക് നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷൊർണൂർ, പാലക്കാട് ജംഗ്ഷനുകളിലെ തിരക്ക് ഒഴിവാക്കി കോയമ്പത്തൂർ, പോത്തന്നൂർ, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയവും ചരക്ക് ഗതാഗതവും കൂടുതൽ വേഗത്തിലാക്കാൻ പുതിയ പാത സഹായകരമാകുമെന്ന് എംപി വ്യക്തമാക്കി. പശ്ചിമ തമിഴ്‌നാട്ടിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിൽ നിന്നും തൂത്തുക്കുടി തുറമുഖത്തു നിന്നും വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിലേക്കുള്ള ചരക്കുനീക്കത്തിനും പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

നെല്ലിയാമ്പതി, പോത്തുണ്ടി, മംഗലം ഡാം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം പഴനി, മധുര, രാമേശ്വരം തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ തൃശൂർ, ഗുരുവായൂർ ക്ഷേത്രങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന തീർത്ഥാടന ഇടനാഴിയായി ഈ റെയിൽപാത മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുമായി ബന്ധപ്പെട്ട സർവേ നടപടികൾ സതേൺ റെയിൽവേ നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ അന്തിമാനുമതി ലഭിച്ചിട്ടില്ലെന്നും, അതിനാൽ പദ്ധതിക്ക് എത്രയും വേഗം കേന്ദ്ര സർക്കാർ അംഗീകാരം നൽകി ആവശ്യമായ തുക വകയിരുത്തണമെന്നും കെ. രാധാകൃഷ്ണൻ സഭയിൽ ആവശ്യപ്പെട്ടു.

Leave a Reply