
പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് പരവൂർ സംഗീതസഭയുടെ സമഗ്രസംഭാവനാ പുരസ്കാരം ഇന്ന് സമ്മാനിക്കും. ജി. ദേവരാജൻ മാസ്റ്ററുടെ ജന്മനാടായ പരവൂരിൽ പ്രവർത്തിക്കുന്ന പരവൂർ ജി. ദേവരാജൻ മാസ്റ്റർ സ്മാരക സംഗീതസഭയുടെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.
2026 നവംബർ 28ന് വൈകുന്നേരം അഞ്ചുമണിക്ക് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. ചടങ്ങ് കവി, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. പുരസ്കാര സമർപ്പണം എൻ. ദേവി ദാസ് ഐഎഎസ് നിർവഹിക്കും.
ചടങ്ങിൽ പരവൂർ ദേവരാജൻ മാസ്റ്റർ ഏഴാമത് പുരസ്കാരം പ്രശസ്ത പിന്നണിഗായിക സുജാതയ്ക്ക് സമ്മാനിക്കും. മലയാള ചലച്ചിത്ര സംഗീത-സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നൽകുന്നത്. പ്രശസ്തി പത്രത്തിൻറെ അവതരണവും സമർപ്പണവും ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ നിർവഹിക്കും

ജി. ദേവരാജൻ മാസ്റ്ററുടെ പേരിൽ വിവിധ സംഘടനകളിൽ നിന്നായി തനിക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിതെന്ന് ശ്രീകുമാരൻ തമ്പി തന്റെ പോസ്റ്റിലൂടെ അറിയിച്ചു. ദേവരാജൻ മാസ്റ്ററുടെ ജന്മനാടായ പരവൂരിൽ നിന്ന് ലഭിക്കുന്ന ഈ അംഗീകാരം സന്തോഷകരമാണെന്നും അദ്ദേഹം കുറിച്ചു.
പരവൂർ സംഗീതസഭയുടെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.