
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ നിർണായക വഴിത്തിരിവ്. മരിച്ച യുവതിയുടെ ഭർത്താവ് അനിൽ കുമാറിനെ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടമ്പനാട് സ്വദേശിയാണ് അനിൽ കുമാർ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
യുവതി മരിക്കുന്നതിന് മുൻപ് ഭർത്താവിൽ നിന്ന് ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഇതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പുകളുടെ ആധികാരികതയിലും അന്വേഷണസംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുമാസം മുൻപാണ് സുഹൈൽ അൻസാരിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ തനിക്ക് പങ്കില്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുഹൈൽ അൻസാരി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭർത്താവായ അനിൽ കുമാറിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.