ബംഗളൂരു: യശ്വന്ത്പുര–മംഗളൂരു സെൻട്രൽ–യശ്വന്ത്പുര എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16565/16566) സ്ഥിരമായി രണ്ട് എസി കോച്ചുകൾ കൂടി അനുവദിച്ച് ദക്ഷിണ റെയിൽവേ. ഒരു എസി 2-ടയർ കോച്ചും ഒരു എസി 3-ടയർ കോച്ചുമാണ് പുതുതായി ഉൾപ്പെടുത്തുന്നത്.

യശ്വന്ത്പുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 2026 സെപ്റ്റംബർ 13 മുതലും മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ സെപ്റ്റംബർ 14 മുതലും പുതിയ കോച്ച് സംവിധാനം നിലവിൽ വരും. ഇതോടെ കർണാടകയിലെ പ്രധാന റെയിൽ പാതകളിലൊന്നായ യശ്വന്ത്പുര–മംഗളൂരു റൂട്ടിൽ എസി യാത്രാ സൗകര്യങ്ങളുടെ ലഭ്യത വർധിക്കും.

പുതുക്കിയ കോച്ച് ഘടനയിൽ 2 എസി 2-ടയർ, 5 എസി 3-ടയർ, 7 സ്ലീപ്പർ, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉൾപ്പെടും. ഇതിന് പുറമെ ദിവ്യാംഗജന സൗഹൃദ കോച്ചും ഒരു ലഗേജ് ബ്രേക്ക് വാനും ഉണ്ടായിരിക്കും.
പുതിയ കോച്ചുകൾ സ്ഥിരമായി ഉൾപ്പെടുത്തുന്നതോടെ യാത്രക്കാരുടെ സൗകര്യവും എസി വിഭാഗത്തിലെ സീറ്റുകളുടെ ലഭ്യതയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.