
കൊട്ടാരക്കരയിലെ നിർദിഷ്ട ബൈപ്പാസ് പദ്ധതിയുടെ അലൈൻമെന്റും ഭൂമിയേറ്റെടുക്കലും പുനഃപരിശോധിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പദ്ധതി മൂലം വീടും ഭൂമിയും വ്യാപാരസ്ഥാപനങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രതിനിധികളുമായി കൊട്ടാരക്കരയിലെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എംപിയുടെ പ്രതികരണം.
സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രകാരം കൊട്ടാരക്കര, മൈലം വില്ലേജുകളിൽനിന്നായി 4.32 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. 161 ഭൂവുടമകളെയും 20 വീടുകളെയും 47 വ്യാപാരസ്ഥാപനങ്ങളെയും പദ്ധതിയിലൂടെ ബാധിക്കുമെന്നും 200-ലധികം കുടുംബങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള എം.സി. റോഡ് പരമാവധി പ്രയോജനപ്പെടുത്തി പുലമൺ ജംഗ്ഷനിൽ എൻ.എച്ച്-744ന് മുകളിലൂടെ നാല് വരി എലിവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നാണ് എംപിയുടെ നിർദേശം. ഭൂമിയേറ്റെടുക്കലും സാമൂഹിക ആഘാതവും കുറയ്ക്കാൻ കഴിയുന്ന ബദൽ പദ്ധതിയുടെ വിശദമായ ഡിപിആർ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.

2020ൽ പുലമൺ ജംഗ്ഷനിൽ ഫ്ലൈഓവർ നിർമിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ 59.5 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ പദ്ധതി ഉപേക്ഷിച്ച് ബൈപ്പാസിലേക്ക് മാറിയതിന്റെ കാരണങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ ബൈപ്പാസ് പദ്ധതിയുടെ ഡിപിആർ, ചെലവ് കണക്കുകൾ, ഭൂമിയേറ്റെടുക്കൽ വിവരങ്ങൾ എന്നിവ പരസ്യപ്പെടുത്തണം. ബൈപ്പാസും എലിവേറ്റഡ് ഹൈവേയും തമ്മിൽ നിർമാണച്ചെലവ്, ഭൂമിയേറ്റെടുക്കൽ, ഗതാഗതസൗകര്യം, പുനരധിവാസം എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ താരതമ്യം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ബാധിതരുടെ പരാതികൾ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. കൊട്ടാരക്കരയുടെ വികസനത്തിന് എതിരല്ലെന്നും എന്നാൽ ജനങ്ങളെ അനാവശ്യമായി കുടിയൊഴിപ്പിക്കാതെയുള്ള വികസനമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.