
കൊല്ലം കടയ്ക്കൽ വയലായിൽ റേഷൻ കട നടത്തിപ്പുകാരനെ കടയ്ക്കുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശി വിൻസൻ (65) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട വയല വിജയ ഭവനിൽ ബി. അനിൽകുമാറിന്റെ (62) കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അനിൽകുമാർ പ്രതിയിൽ നിന്ന് വാങ്ങിയ അഞ്ച് ലക്ഷം രൂപയും പലിശയുമടക്കം ഏഴ് ലക്ഷം രൂപ തിരികെ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. നവംബർ 18-നായിരുന്നു നാടിനെ നടുക്കിയ സംഭവം. പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ റേഷൻ കടയ്ക്കുള്ളിൽ വെച്ച് അനിൽകുമാറിനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. പത്തനാപുരത്ത് നിന്ന് മാനന്തവാടിയിലേക്കുള്ള കെഎസ്ആർടിസി ബസിലാണ് ഇയാൾ കയറിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ യാത്ര മനസ്സിലാക്കിയ പൊലീസ് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടു.

തുടർന്ന് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ ബുധനാഴ്ച രാത്രി ഏഴരയോടെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ച് ബസ് തടഞ്ഞുനിർത്തി പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണന്റെ നിർദേശപ്രകാരം കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫ്, കടയ്ക്കൽ സി.ഐ ശരലാൽ, എസ്.ഐ ജ്യോതിഷ് ചിറവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിന് പിന്നാലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്കിലെ സ്വകാര്യ പുരയിടത്തിലെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു.
തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടം വാങ്ങിയ പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.