You are currently viewing കൊല്ലം പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന് തർക്കം; തട്ടുകട അടിച്ചുതകർത്തു, ഉടമയ്ക്കും ജീവനക്കാരനും കുത്തും മർദനവും

കൊല്ലം പെരുമ്പുഴയിൽ പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന് തർക്കം; തട്ടുകട അടിച്ചുതകർത്തു, ഉടമയ്ക്കും ജീവനക്കാരനും കുത്തും മർദനവും

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്ന പേരിലുണ്ടായ തർക്കത്തിനൊടുവിൽ കൊല്ലം കുണ്ടറയ്ക്ക് സമീപം പെരുമ്പുഴയിൽ തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പെരുമ്പുഴ ആലുംമൂട് ജങ്ഷനിലെ ‘ടീ മേറ്റ്’ എന്ന തട്ടുകടയിലാണ് സംഭവം.

കടയിലെത്തി ചായയും പരിപ്പുവടയും കഴിച്ച പ്രതികൾക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് ജീവനക്കാരനായ മോഹനനുമായി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതികൾ മോഹനനെ മർദിക്കുകയും കടയിലുണ്ടായിരുന്ന തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു.

ബഹളം കേട്ട് തടയാനെത്തിയ കടയുടമ നാസിമിനെയും സംഘം ആക്രമിച്ചു. നാസിമിനെ കത്തികൊണ്ട് കുത്തുകയും ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ഇതിനിടെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ കടയിലെ സാധനസാമഗ്രികളും അടിച്ചുതകർത്തു.

ആക്രമണത്തിൽ മോഹനന്റെ വാരിയെല്ലിന് സാരമായി പരുക്കേറ്റു. തിളച്ച എണ്ണ വീണ് ശരീരത്തിൽ പൊള്ളലേൽക്കുകയും ചെയ്തു. പരുക്കേറ്റ നാസിമും മോഹനനും ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply